കെഎംഎംഎല്ലിലെ വാതകച്ചോര്‍ച്ച അട്ടിമറിയാണെന്ന് സൂചന

Webdunia
വെള്ളി, 8 ഓഗസ്റ്റ് 2014 (15:18 IST)
ചവറ കെഎംഎംഎല്ലിലെ വാതകച്ചോര്‍ച്ച അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് വിഷവാതകം ശ്വസിച്ചതിനുള്ള ലക്ഷണങ്ങള്‍ അല്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതൊടെയാണ് സംശയം ബലപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമെണെന്നും ഇവര്‍ വിഷവാതകം ശ്വസിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളെ പരിശോധിച്ച മെഡിക്കല്‍ സംഘം  വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം വാതക ചോര്‍ച്ചക്കു പിന്നില്‍ അട്ടിമറിയാണൊ എന്ന് ഉറപ്പിക്കണമെങ്കില്‍ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചു നോക്കിയാല്‍ മാത്രമേ പറയാന്‍ സാധിക്കു എന്ന് ദഗ്ധ സംഘം അഭിപ്രായപ്പെട്ടു. ഫാക്ടറിയില്‍ നിന്ന് വതക ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

അട്ടിമറിയുള്‍പ്പെടെയുള്ള സംശയങ്ങള്‍ക്കിടെ ശാത്രജ്ഞരുടെ സംഘം കെഎംഎംഎല്ലില്‍ പരിശോധന നടത്തുകയാണ്. ഡ്രാഗണ്‍ ട്യൂബ് സാങ്കേതികവിദ്യ, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുപയോഗിച്ച് ഏതൊക്കെ വാതകമാണ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതെന്നും വിദഗ്ധസംഘം പരിശോധിക്കുന്നുണ്ട്. സ്കൂളുകളില്‍ പടര്‍ന്ന വാതകം ഫാക്ടറിയില്‍ നിന്നുള്ളതാണോയെന്ന് ഈ പരിശോധനയില്‍ കണ്ടെത്താനാവും.

ഇനി രണ്ടും വ്യത്യസ്ത വാതകങ്ങളാണെങ്കില്‍ അട്ടിമറി ഉറപ്പിക്കാമെന്ന് സംഘാംഗങ്ങള്‍ പറയുന്നു. ഗ്രീന്‍ ട്രൈബ്യൂണലില്‍ കെഎംഎംഎല്‍ കേസ് വരാനിരിക്കെ വാതകച്ചോര്‍ച്ചയുണ്ടായതാണ് അട്ടിമറിയെന്ന ആരോപണം ശക്തിപ്പെടാന്‍ കാരണമായത്. അതേ സമയം സംഭവത്തിനു പിന്നില്‍ കെഎംഎംഎല്ലിനെ തകര്‍ക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ആരോപിച്ചു.

എല്ലാ വിധ അട്ടിമറി സാധ്യതകളും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അതേസമയം, ചവറ കെഎംഎംഎല്ലിലെ മലിനീകരണത്തിനെതിരായ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ സെപ്റ്റംബര്‍ 26ലേക്ക് മാറ്റി. ജൂലൈ 11 ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ കമ്പനിയിലെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാവുമെന്ന് ഹര്‍ജിക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു.

ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനും കെഎംഎംഎല്ലിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകനായ ജോയ് കൈതാരമാണ് കമ്പനിയിലെ മാലിന്യപ്രശ്നത്തിനെതിരെ ദേശീയ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ചിന് പരാതി നല്‍കിയത്.