സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തില്‍ നിന്ന് കെ എം മാണിക്കെതിരെ മത്സരിക്കാന്‍ പി സി തോമസ് ഇല്ല. ചില വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരരംഗത്തു നിന്ന് പിന്മാറുകയാണെന്ന് പി സി തോമസ് അറിയിച്ചു. പാലായില്‍ ബി ജെ പി നേതൃത്വം നല്കുന്ന എന്‍ ഡി എ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പി സി തോമസ് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ മത്സരിക്കാന്‍ ഇല്ലെന്നും ഇക്കാര്യം ബി ജെ പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി സി തോമസ് മാധ്യമങ്ങളെ അറിയിച്ചു.
കേരള കോണ്‍ഗ്രസ് ലയനവിരുദ്ധഗ്രൂപ്പ് നേതാവായ പി സി തോമസിന്റെ പാര്‍ട്ടി എന്‍ ഡി എക്കൊപ്പമാണ്. എന്‍ സി പിയുടെ മാണി സി കാപ്പന്‍ ആണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. പി സി തോമസ് കൂടി മത്സരരംഗത്ത് വന്നതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ പാലായില്‍ ഇനി കെ എം മാണിയും മാണി സി കാപ്പനും തമ്മിലുള്ള ഏറ്റുമുട്ടലിന് ആയിരിക്കും സാക്ഷിയാകുക. പി സി തോമസിന് പകരം ആരായിരിക്കും പാലായില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എന്ന് തീരുമാനമായിട്ടില്ല.