ചീമുട്ടയോ... കരിങ്കൊടിയോ അതോ കല്ലേറോ ?; മാണിയെ കോണ്‍ഗ്രസ് വെറുതെ വിടില്ല - വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2016 (18:10 IST)
യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് പടിയിറങ്ങിയ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ പ്രതികരണങ്ങള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. പത്താം തിയതി ചേരുന്ന യുഡിഎഫ് യോഗം മാണിക്കെതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പതിനാലിന് സംസ്ഥാന കമ്മിറ്റി ചേര്‍ന്നു കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാനാണ് കേരളാ കോണ്‍ഗ്രസ് (എം) തീരുമാനിച്ചിരിക്കുന്നത്. മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ യുഡിഎഫ് യോഗം കൂടുതല്‍ രൂക്ഷമാകും

മാണിക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാക്കാനുള്ള തീരുമാനത്തിനോട് മുസ്‌ലിം ലീഗ് അനുകൂലിക്കുമോ എന്നാണ് അറിയാനുള്ളത്. മൂന്ന് വിഷയങ്ങളിലാണ് കോണ്‍ഗ്രസ് മാണിക്കെതിരെ ആഞ്ഞടിക്കുക. മാണി കാണിച്ചത് രാഷ്‌ട്രീയ ധാര്‍മികതയില്ലാത്ത നടപടി, തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന് മത്സരിച്ചിട്ട് ഭരണം പോയപ്പോള്‍ മുന്നണിവിട്ടതിനാല്‍ അഭിമാനമുണ്ടെങ്കില്‍ എം എല്‍ എ സ്ഥാനം കൂടി രാജിവയ്‌ക്കണം, ബാര്‍ കോഴ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടതുമുന്നണിയുമായി ഗൂഢാലോചന നടത്തിയെന്നും ആരോപണം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

മാണി കാരണമാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും ഇപ്പോഴത്തെ നിക്കത്തിന് പിന്നില്‍ എന്‍ ഡി എയിലേക്കുള്ള പോക്കിന്റെ ആദ്യ പടിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചേക്കും. അതിനൊപ്പം മാണിക്ക് ബിജെപിയുമായി അടുത്ത ബന്ധമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുമുണ്ടാകും.
Next Article