മല കയറാൻ പതിമൂന്ന് വിദ്യാർത്ഥികൾ പമ്പയിലെത്തിയതായി സൂചന. എന്നാൽ ഇവരിൽ രണ്ടുപേർ പമ്പയിൽ ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഇവർ എറണാകുളം മഹാരാജാസിലെ വിദ്യാർത്ഥിനികളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചില്ല.
പതിമൂന്ന് വിദ്യാർത്ഥികൾക്ക് പുറമേ കിസ് ഓഫ് ലൗ പ്രവർത്തകരും പമ്പയിലേക്ക് വരുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ആക്‌ടിവിസ്‌റ്റുകളായ കൂടുതൽ സ്‌ത്രീകൾ ശബരിമലയിലേക്ക് എത്തുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു.
അതേസമയം, റിപ്പോർട്ടിനെത്തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ശബരിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടക്കുംവരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്.
പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, യുവതികൾ കയറിയാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ വാദം കോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വം ബോർഡംഗം കെ പി ശങ്കർദാസ് പറഞ്ഞു.