ചുംബന സമരവുമായി മുന്നോട്ട് തന്നെ, ചങ്കിടിച്ച് പൊലീസ്

Webdunia
ശനി, 1 നവം‌ബര്‍ 2014 (18:31 IST)
സദാചാര പൊലീസിനെതിരെ ചുംബനസമരവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍.നാളെ 5 മണിക്ക് മറൈന്‍ഡ്രൈവില്‍ നടക്കുന്ന പരിപാടിയില്‍ 800ഓളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചതായി അറിയില്ലന്നും സംഘാടകര്‍ പറഞ്ഞു.

സദാചാര പൊലീസിനെതിരെയാണ് സമരം , അല്ലാതെ ചുംബിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ല എന്നും പ്ലക്കാര്‍ഡ് പിടിച്ചെത്തുന്ന കൂട്ടായ്മയില്‍ താല്‍പര്യമുള്ളവര്‍ക്ക് ചുംബിക്കാം എന്ന നിലപാടാണുള്ളതെന്നും സംഘാടകര്‍ പറഞ്ഞു.

സമരത്തിന് അനുമതി തേടി പൊലീസിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുന്നതായോ നല്‍കുന്നതായോ ഉള്ള അറിയിപ്പുകള്‍ ഇതുവരെ ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്നും സംഘാടകരായ രാഹുല്‍ പശുപാലനും ജിജോ കുര്യാക്കോസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം സമര്‍ക്കാര്‍ക്ക് ചൂരല്‍ കൊണ്ട് അടി നല്‍കുമെന്ന് ശിവസേന കേരളഘടകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ സമരത്തെ എതിര്‍ക്കില്ലെന്ന് യുവമോര്‍ച്ച അറിയിച്ചിട്ടുണ്ട്. അനാശാസ്യത്തിനെതിരേയാണ് തങ്ങളുടെ പ്രതിഷേധമെന്നും അല്ലാതെ ചുംബനത്തിനെതിരേ അല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തെ എങ്ങനെ നെരിടണമെന്ന് പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.