കോട്ടയത്തെ ദുരഭിമാനക്കൊലയ്ക്കു മുമ്പ് കെവിൻ പി ജോസഫിനെ നീനുവിന്റെ പിതാവ് ചാക്കോ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നീനുവുമായുള്ള ബന്ധം അറിഞ്ഞയുടൻ ചാക്കോ കെവിനെ വിളിച്ചിരുന്നു. ഭീഷണിയുടെ സ്വരമായിരുന്നു പ്രയോഗിച്ചത്.
നീനുവുമായുള്ള ബന്ധം ഒഴിവാക്കിയില്ലെങ്കിൽ കൊന്നു കളയുമെന്നു ചാക്കോ പറഞ്ഞതായി പൊലീസ് കണ്ടെത്തി. ചാക്കോ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നതിന്റെ തെളിവായാണ് പൊലീസ് ഇക്കാര്യം കോടതിയിൽ വെളിപ്പെടുത്തിയത്. ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.
അതേസമയം, കെവിൻ കൊലപാതക കേസിൽ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം തയാറാകും. ഇതോടെ കെവിന്റേത് മുങ്ങിമരണമാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത വരും. വെള്ളത്തിൽ വീഴുമ്പോൾ കെവിനു ജീവനുണ്ടായിരുന്നുവെന്നാണു ശാസ്ത്രീയ പരിശോധനകളിലെ കണ്ടെത്തൽ. ഈ കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിനാണു സ്ഥലപരിശോധന നടത്തിയത്.