ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു, രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്ന് സ്ഥാനം ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ്

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2017 (07:29 IST)
കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് കുറ്റപ്പെടുത്തുന്നു.
 
കേരളത്തില്‍ കെപിസിസി അധ്യക്ഷനെ നിയമിക്കാത്തതിലും കെഎസ്‌യുവില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. കെപിസിസിയ്ക്ക് നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നു. കെഎസ്‌യു അടക്കമുളള സംഘടനകളില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്നും മഹേഷ് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു.
 
ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണമെന്നും മഹേഷ് പറയുന്നു.
Next Article