Kerala Weather: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇവയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ജൂണ്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിനു മുകളില്‍ മണിക്കൂറില്‍ പരമാവധി 40 - 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.
മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധിയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ (കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളില്‍ അവധി) ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധിയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കോളേജുകള്‍ക്ക് അവധിയില്ല.