തൊഴില്‍വകുപ്പിന്റെ ഇടപെടല്‍; ബൈജൂസിന്റെ തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തനം തുടരും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 നവം‌ബര്‍ 2022 (16:44 IST)
ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനം തുടരുമെന്ന് മാനേജ്മെ്ന്റ് അറിയിച്ചു. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ലേബര്‍ കമ്മിഷണര്‍ ഡോ കെ വാസുകി വിളിച്ചുചേര്‍ത്ത ബൈജൂസ് ആപ്പിന്റെ പ്രിതിനിധികളുടെയും ജീവനക്കാരുടെയും യോഗത്തിലാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.
 
ബൈജൂസ് ആപ്പ് ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനം യാതൊരു മുന്നറിയിപ്പും കൂടാതെ നിര്‍ത്താന്‍ തീരുമാനിച്ചതായും ജീവനക്കാരെ നിര്‍ബന്ധിത രാജിക്ക് പ്രേരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ഐ ടി ജീവനക്കാരുടെ ക്ഷേമസംഘടന പ്രതിധ്വനി ഒക്ടോബര്‍ 25ന് തൊഴില്‍ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തൊഴില്‍ മന്ത്രി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ലേബര്‍ കമ്മിഷണര്‍ ഇരുകക്ഷികളുടെയും യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.
 
നിര്‍ബന്ധിതമായി രാജിവെച്ച  ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.  പരാതി നല്‍കിയ ജീവനക്കാര്‍ക്കെതിരെ യാതൊരു തരത്തിലുള്ള നടപടികളും പാടില്ലെന്നും കമ്പനിയില്‍ തിരികെ പ്രവേശിക്കാന്‍ താല്‍പര്യമില്ലാത്ത ജീവനക്കാര്‍ക്ക് പരിചയ സര്‍ട്ടിഫിക്കറ്റ് അടക്കം നിയമപരമായി നല്‍കാനുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനും ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article