'നീയൊക്കെ എവിടെ വരെ പോകും? ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്'; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കൈയടി നേടി 'കൊല്ലം സ്‌ക്വാഡ്'

Webdunia
ശനി, 2 ഡിസം‌ബര്‍ 2023 (12:03 IST)
കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് വിദഗ്ധമായി. മാധ്യമങ്ങള്‍ക്ക് പോലും വിവരങ്ങള്‍ പങ്കുവയ്ക്കാതെ വളരെ രഹസ്യമായാണ് പല നീക്കങ്ങളും നടത്തിയത്. പ്രതികള്‍ക്ക് ആറ് വയസുകാരിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും എന്തോ മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും പൊലീസിനു ആദ്യദിനം തന്നെ വ്യക്തമായിരുന്നു. 
 
കൃത്യത്തിനു പിന്നില്‍ പ്രൊഫഷണല്‍ കിഡ്‌നാപ്പേഴ്‌സ് അല്ലെന്ന് മനസിലാക്കിയ പൊലീസ് കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങള്‍ രഹസ്യമായി നടത്തി. അതിനു പിന്നാലെ കുട്ടിയുടെ പിതാവ് റെജിയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. കുട്ടിയുമായി പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ ആദ്യം നിര്‍ണായകമായത്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികള്‍ ആരൊക്കെയെന്ന് പൊലീസിനു സൂചന ലഭിച്ചു. എന്നാല്‍ തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ മറ്റൊരു ക്രൈമിന് പങ്കുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. കുട്ടിയുടെ പിതാവ് റെജിയെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് പല കാര്യങ്ങളിലും വ്യക്തത ലഭിച്ചു. 
 
സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് തങ്ങളുടെ റഡാറിലേക്ക് കൊണ്ടുവന്നു. അവരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി പരിശോധിച്ചിരുന്നു. പ്രതികള്‍ കേരളം കടക്കാന്‍ ശ്രമിക്കുമെന്ന് പൊലീസിനു ഉറപ്പുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ട് മണിയോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. എന്നാല്‍ ഈ വാര്‍ത്ത കേരളത്തില്‍ അറിയുമ്പോള്‍ ഏകദേശം വൈകുന്നേരം ആറ് മണിയായി. കേരളത്തിനു പുറത്തുനിന്ന് പ്രതികളെ പിടികൂടിയാല്‍ രഹസ്യമായി ചോദ്യം ചെയ്യല്‍ നടത്താന്‍ പൊലീസ് പദ്ധതിയിട്ടിരുന്നു. പ്രതികളെ പിടികൂടിയതിനൊപ്പം മറ്റൊരു ക്രൈമുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും പൊലീസിനു ലഭിച്ചു. 
 
തട്ടിക്കൊണ്ടു പോകലിന് ഇരയായ ആറു വയസുകാരിയുടെ മൊഴിയും അതിവേഗം പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചു. തട്ടിക്കൊണ്ടു പോയ ശേഷം ഒരു ഓടിട്ട വീട്ടിലാണ് തന്നെ താമസിപ്പിച്ചതെന്നും തനിക്ക് ലാപ് ടോപ്പില്‍ കാര്‍ട്ടൂണ്‍ വെച്ചു തന്നെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. ഏത് കാര്‍ട്ടൂണാണ് അവര്‍ വെച്ച് തന്നതെന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഈ കാര്‍ട്ടൂണിന്റെ യുട്യൂബ് ലിങ്ക് എടുത്ത ശേഷം കുട്ടി പറഞ്ഞ സമയത്ത് ഈ കാര്‍ട്ടൂണ്‍ പ്ലേ ചെയ്ത ലാപ് ടോപ്പിന്റെ ഐപി നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇതില്‍ നിന്ന് ലാപ് ടോപ് ഉടമയിലേക്ക് അന്വേഷണം നീളുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കുകയെന്ന പ്രതികളുടെ അതിബുദ്ധി തന്നെയാണ് ഒടുവില്‍ വിനയായത്.

അതേസമയം ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പാള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചു. പദ്മകുമാര്‍ ഒന്നാം പ്രതിയും ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article