ദേശീയ നേതൃത്വത്തെ ഉയർത്തിക്കാട്ടി കാടിളക്കിയുള്ള പ്രചാരണ പ്രഘോഷണത്തിന് കേരളത്തില്‍ ബിജെപി മുതിരില്ലെന്ന് സൂചന. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെയും, ദേശീയാധ്യക്ഷന്‍ അമിത്‌ഷായുടെയും സാന്നിധ്യം നാമമാത്രമായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയവും മുന്നണി ചര്‍ച്ചകളും പ്രചാരന തന്ത്രങ്ങളും എല്ലാം സംസ്ഥാന നേതൃത്വവും ആര്‍എസ്‌എസ് കേരള ഘടകവുമായിരിക്കും നടത്തുക എന്നാണ് വിവരം.
ഡല്‍ഹിക്ക് പിന്നാലെ ബീഹാറിലും മോഡി ക്യാമ്പിന് വമ്പന്‍ തിരിച്ചടി കിട്ടിയതൊടെയാണ് കേരളത്തില്‍ മോഡി ക്യാമ്പിന്റെ വണ്‍മാന്‍ ഷോ വേണ്ടെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പിൽ നിറഞ്ഞത് മോഡിയും അമിത് ഷായുമായിരുന്നു. 30ലേറെ പ്രചരണ യോഗത്തിലാണ് മോഡി സംസാരിച്ചത്. ഭൂരിഭാഗം ദിവസവും ബിഹാറിൽ അമിത് ഷായുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം പോലും അമിത് ഷായാണ് നടത്തിയത്. ഇതിന് സമാനമായ സംഭവങ്ങളാണ് ഡൽഹിയിലും ഉണ്ടായത്. ആർഎസ്എസ് നിർദ്ദേശം മാനിക്കാതെ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെട്ടിയിറക്കി.
ഫലം വന്നപ്പോള്‍ പടക്കം പൊട്ടുന്നതുപോലെ ബിജെപി സീറ്റുകള്‍ എതിരാളികള്‍ കൊണ്ടുപോയി. അതിനാല്‍ കേരളത്തില്‍ അത് ആവര്‍ത്തിക്കരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്. കേരളത്തിൽ സജീവമായ ശേഷം അൽഭുതങ്ങൾ ഉണ്ടായില്ലെങ്കിൽ മോഡിക്കും അമിത് ഷായ്ക്കും പേരു ദോഷം കൂടുകയും ചെയ്യും. ഇതൊഴിവാക്കാനാണ് കേരള ഘടകത്തിനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്.
കേരളത്തിനു പുറമെ ബിജെപി സ്വാധീനമില്ലാത്ത തമിഴ്നാട്, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ നീക്കമാകും ഉണ്ടാകുക. അതേസമയം കേരളത്തില്‍ 10 സീറ്റുകള്‍ വരെ എസ്‌എന്‍ഡിപി പിന്തുണയോടെ ബിജെപിക്ക് നേടാനാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ എസ്‌എന്‍ഡിപിയുടെ നേതൃത്തിലുള്ള പാര്‍ട്ടിക്ക് അംഗങ്ങളെ ജയിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും ആര്‍എസ്‌എസ് വിലയിരുത്തുന്നുണ്ട്. പുതിയ മുന്നണിക്ക് കുറഞ്ഞത് 10 സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ആര്‍എസ്‌എസ് ശേഖരിച്ച കണക്കുകള്‍ പറയുന്നത്.
മൂന്നിലധികം പ്രചരണ യോഗങ്ങൾക്ക് പ്രധാനമന്ത്രി എത്താൻ ഇടയില്ലെന്നാണ് സൂചന. തിരുവനന്തപുരം, കാസര്‍ഗോഡ്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലാകും മോഡി എത്തുക. അമിത്‌ഷായുടെ ഇടപെടല്‍ നിര്‍ദ്ദേശങ്ങളില്‍ ഒതുങ്ങിയേക്കും. എൽകെ അദ്വാനിയെ പോലുള്ള മുതിർന്ന നേതാക്കളേയും കേരളത്തിലേക്ക് നിയോഗിക്കും.
കേരളത്തില്‍ ഭരണം ഇടതുമുന്നണിക്ക് തന്നെയാണെന്നാണ് സംഘപരിവാര്‍ വിലയിരുത്തല്‍. അതിനാല്‍ അധികം അവകാശവാദങ്ങളില്ലാതെ പ്രത്യേകം ചില മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ദയൂന്നിയുള്ള പ്രചാരണം നടത്തും. വെള്ളാപ്പള്ളിയുടെ കേരളാ യാത്ര കഴിഞ്ഞാലുടൻ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കും. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം വന്നു കഴിഞ്ഞ ശേഷം മുന്നണി രൂപീകരണവും മറ്റും നടക്കും. അതിന് ശേഷം ബാക്കി കാര്യങ്ങളെന്നാണ് നിലപാട്.
തിരുവനന്തപുരത്തും കാസർഗോഡും മാത്രമൊതുങ്ങാതെ സീറ്റുകൾ നേടണമെന്നതാണ് ലക്ഷ്യം. എറണാകുളത്തെ തൃപ്പുണ്ണിത്തുറയിലും മകിച്ച സ്ഥാനാർത്ഥിയെ നിർത്തണമെന്ന് പരിവാർ സംഘടനകൾ ബിജെപി സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും പാലക്കാടും കാസർഗോഡും തൃശൂരുമാകും ഇതിന് പുറമേ പോരാട്ടം കടുപ്പിക്കുക.