ഹിന്ദു പാകിസ്ഥാന്‍ പരാമർശത്തിന്റെ പേരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്.
പരാമര്‍ശത്തില്‍ ഉറച്ചു നിന്ന തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല. പ്രസ്‌താവനകളില്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമമെന്നും തരൂര്‍ വ്യക്തമാക്കി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗം നടത്തിയ ഓഫീസ് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിന് പിന്നിലുള്ള തരൂരിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ യുവമോർച്ച പ്രവർത്തകർ മുറിയില്‍ കരി ഒയില്‍ ഒഴിച്ചശേഷം റീത്ത് വെക്കുകയും ഓഫീസിനു മുന്നിൽ പാകിസ്ഥാൻ ഓഫീസ് എന്ന ഫ്ളക്‍സും സ്ഥാപിച്ചു. ശശി ഓഫീസ് എന്ന പ്ളക്കാർഡും പുറത്ത് സ്ഥാപിച്ചു.
തരൂര്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരാണ് ആക്രമണം അഴിച്ചു വിട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.