കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.
കേസിലെ തെളിവുകള്‍ കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്നും ദൃശ്യങ്ങള്‍ അടക്കമുള്ള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പും മറ്റ് തെളിവുകളും നല്‍കണമെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി ക്രിസ്മസ് അവധിക്ക് മുമ്പ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കു വരുമെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് കണ്ടെത്തിയ തെളിവുകള്‍ എന്താണെന്ന് അറിയാന്‍ തനിക്ക് അവകാശമുണ്ട്. തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനായി ദൃശ്യങ്ങള്‍ കാണണമെന്നും ദിലീപ് വാദിക്കുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ഒരു കാരണവശാലും ദിലീപിന് കൈമാറാന്‍ കഴിയില്ല എന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.