ജനകീയ സർക്കാർ മുന്നോട്ട്; പ്രകൃതിസൗഹൃദ കല്യാണങ്ങള്‍ നടപ്പിലാക്കും, ലംഘിച്ചാൽ ശിക്ഷയും

Webdunia
വെള്ളി, 5 മെയ് 2017 (08:16 IST)
ദേശീയ ഗെയിംസ്, ആറ്റുകാല്‍ പൊങ്കാല, മലയാറ്റൂര്‍ പെരുന്നാള്‍ എന്നിവിടങ്ങളില്‍ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കുകയും അത് വിജയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവാഹങ്ങളും പ്രകൃതിസൗഹൃദമാക്കി മാറ്റാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 
 
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രകൃതിസൗഹൃദ കല്യാണങ്ങള്‍ കേരളത്തില്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയെന്നോണം, കണ്ണൂര്‍ സിറ്റിയിലും കൊല്ലത്തും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടം. ശുചിത്വ മിഷനുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. 
 
വിവാഹങ്ങള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുന്നത് എന്തുകൊണ്ടും നല്ല തീരുമാനമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഓരോ ജില്ലയിലേയും കല്യാണങ്ങള്‍ പ്രകൃതിസൗഹൃദമാക്കുകയും ഇത് തെറ്റിക്കുന്നവരെ ശിക്ഷിക്കാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി അതത് ജില്ലയിലെ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
 
ഒപ്പം, ഈ പദ്ധതി നടപ്പിലാക്കാൻ സാമൂഹിക സംഘടനകളുടെയും മത സംഘടനകളുടെയും സഹകരണം സര്‍ക്കാര്‍ തേടും. പ്ലാസ്റ്റിക് പ്ലേറ്റുകളും കുപ്പികളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും ഒഴിവാക്കി തീര്‍ത്തും പ്രകൃതിയോട് ഇണങ്ങുന്ന ഇലകളും മറ്റും ഉപയോഗിച്ച് കല്യാണത്തിനായുള്ള സദ്യയും മറ്റും ഉണ്ടാക്കാം. ഇതിനായി ശുചിത്വ മിഷന്‍ സംസ്ഥാന വ്യാപകമായി ബോധവത്കരണങ്ങള്‍ സംഘടിപ്പിക്കും.
Next Article