ലോക്ക്ഡൗണ്‍: കേരളത്തിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാം?
വെള്ളി, 7 മെയ് 2021 (08:08 IST)
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ മേയ് എട്ട് രാവിലെ ആറ് മുതല്‍ മേയ് 16 രാത്രി 12 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുക. ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുക. അനാവശ്യമായി പുറത്തിറങ്ങരുത്.
അടിയന്തര സേവനങ്ങള്‍ക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തഃസംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താന്‍ ഇന്ന് സൗകര്യമുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസ് ഇന്ന് ലഭ്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം യാത്രകള്‍ അനുവദനീയമല്ല. അതുകൊണ്ട് കേരളത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് തന്നെ അതിനായി പരിശ്രമിക്കണം.
ലോക്ക്ഡൗണ്‍ കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്. അനാവശ്യ കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങിയാല്‍ പൊലീസ് നടപടി. വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും.
ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ല. എല്ലാവിധ കൂടിചേരലുകളും നിരോധിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ അനുവദിക്കില്ല.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഏഴര വരെ തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളും അവശ്യ വിഭാഗത്തിലല്ലാത്ത വ്യാപാരസ്ഥാപനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവില്ലാത്ത വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.
മെട്രോ ഒഴികെയുള്ള തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും ഉണ്ടാകും.
കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും തടയില്ല.
അന്തസ്സംസ്ഥാന യാത്ര നടത്തുന്നവര്‍ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
വിവാഹത്തിനു പരമാവധി 30 പേര്‍ മാത്രം, ശവസംസ്‌കാരത്തിനു 20 പേര്‍. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ മാത്രമേ നടത്താവൂ. വിവാഹത്തിന്റെ കാര്യം പൊലീസിനെ അറിയിച്ചിരിക്കണം. ശവസംസ്‌കാരത്തിന്റെയും വിവാഹത്തിന്റെയും വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.