ട്രോളിംഗ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്‍ സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി

ശ്രീനു എസ്

തിങ്കള്‍, 8 ജൂണ്‍ 2020 (19:01 IST)
സംസ്ഥാനത്ത് ജൂണ്‍ 9ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്‍-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. സമുദ്ര മത്സ്യോല്പാദനം വര്‍ദ്ധനവിന്റെ പാതയിലാണെന്നും കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2016-17 ല്‍ 4.88 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോല്പാദനം 2019-20 ല്‍ 6.09 ലക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
ട്രോളിംഗ് നിരോധനസമയത്തുള്ള പട്രോളിംഗിനും കടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സാഹചര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരിക്കിയിട്ടുണ്ട്.
ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം ഇന്ന് രാത്രി അവസാനിക്കും. കടലില്‍ പോയിട്ടുള്ള എല്ലാ ബോട്ടുകളും അര്‍ദ്ധരാത്രിക്ക് മുന്‍പ് കരയില്‍ എത്തണമെന്നും അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്‍പ് കേരള തീരം വിട്ട് പോകണമെന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍