മൂന്നു വര്‍ഷത്തിനുള്ളില്‍ വരവു ചെലവ് അന്തരം കുറച്ച് കെ.എസ്.ആര്‍.ടി.സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി കെ. എസ്. ആര്‍. ടി. സി റീസ്ട്രക്ചര്‍ 2.0 ബൃഹദ്പദ്ധതി നടപ്പാക്കും. നിലവില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന 1500 മുതല്‍ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആര്‍സിസി മുന്നോട്ടുപോകുന്നത്.
2016 മുതല്‍ അര്‍ഹമായ ശമ്പളപരിഷ്‌ക്കരണം 2021 ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാകും. കെഎസ്ആര്‍ടിസിയില്‍ 2016 ജൂലൈ ഒന്നു മുതലുളള ഒന്‍പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ 2021 മാര്‍ച്ചില്‍ നല്‍കും. എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കും. ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്‌കയിലേയ്ക്ക് പരിഗണിക്കും.