ആറന്മുളയിലെ നരബലിയുടെ ആസൂത്രകന്‍ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണെന്ന് പൊലീസ്. 'ശ്രീദേവി' എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു ഷാഫി ആദ്യം ചെയ്തത്. റാഷിദ് എന്ന സിദ്ധനെ കണ്ടാല്‍ വീട്ടില്‍ ഐശ്വര്യം ഉണ്ടാകാന്‍ വഴിയുണ്ടാകുമെന്ന് ഷാഫി ഭഗവല്‍ സിങ്ങിനെ പറഞ്ഞു ധരിപ്പിച്ചു.
തുടര്‍ന്നാണ് റാഷിദ് എന്ന സിദ്ധന്റെ നമ്പര്‍ 'ശ്രീദേവി' എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് ഷാഫി അയച്ചു കൊടുത്തത്. റാഷിദിന്റെ നമ്പര്‍ ആണെന്ന് പറഞ്ഞ് ഷാഫി അയച്ചത് തന്റെ തന്നെ നമ്പറാണ്. ഭഗവല്‍ സിങ്, ലൈല ദമ്പതികള്‍ക്ക് മുന്നില്‍ റാഷിദ് എന്ന സിദ്ധനായി എത്തിയതും ഷാഫി തന്നെയാണ്.
റാഷിദ് എന്ന സിദ്ധനായി എത്തിയ ഷാഫി ഐശ്വര്യത്തിനു വേണ്ടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. നരബലിക്കായി സ്ത്രീകളെ എത്തിച്ചതും ഷാഫി തന്നെ. കാലടിയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ തൃശൂര്‍ വാഴാനി സ്വദേശിനി റോസ്‌ലി (49) യെയാണ് ആദ്യം ഇരയാക്കിയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് റോസിലിയെ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചത്. ജൂണ്‍ മാസത്തില്‍ റോസിലിയെ നരബലിക്ക് വിധേയയാക്കി. എന്നാല്‍ ശാപം കാരണം ഈ നരബലി ഫലിച്ചില്ലെന്നും വേറൊരു നരബലി കൂടി ചെയ്യണമെന്നും ഷാഫി ആവശ്യപ്പെട്ടു. അങ്ങനെയാണ് കൊച്ചി പൊന്നുരുന്നിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ പത്മ (52) ഇരയാകുന്നത്. പത്മയേയും ഷാഫി ഇലന്തൂരിലെത്തിച്ച് നരബലി നടത്തി. പിന്നീട് ശരീരം കഷ്ണങ്ങളായി മുറിച്ച് കുഴിച്ചിടുകയായിരുന്നു.