കേരള ഹൌസില്‍ റെയ്ഡ് നടത്തിയിട്ടില്ല, പൊലീസിനെ വിന്യസിച്ചത് സംരക്ഷണം നല്‍കാന്‍: ഡല്‍ഹി പൊലീസ് മേധാവി

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (18:38 IST)
കേരള ഹൗസില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസി നിഷേധിച്ചു. ബീഫ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കിട്ടിയിരുന്നെന്നും ഇത് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണെന്ന് സുരക്ഷാ ജീവനക്കാരോട് നിര്‍ദ്ദേശിച്ച് പൊലീസ് മടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. നടപടികള്‍ മറികടന്ന് ഡല്‍ഹി പൊലീസ് യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും ബസി പറഞ്ഞു.

ക്യാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന് ഫോണ്‍സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉണ്ടാകുമെന്ന ധാരണയിലാണ് കേരള ഹൗസില്‍ പോലീസിനെ വിന്യസിച്ചത്. അതൊരു റെയ്ഡായിരുന്നില്ല. കാന്റീനില്‍ പശുവിറച്ചി വിളമ്പിയോ എന്ന കാര്യം പോലീസിന് അറിയില്ല. ബീഫ് വിളമ്പിയിട്ടില്ലെന്നാണ് കാന്റീന്‍ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്-ബസി പറഞ്ഞു.

കേരള ഹൗസിലെ സുരക്ഷ ഉറപ്പാക്കാന്‍ മാത്രമാണ് പോലീസ് അവിടെ എത്തിയതെന്നും ബസി പറഞ്ഞു. സംഭവം അന്വേഷിക്കുകയെന്ന് പൊലീസിന്റെ ഉത്തരവാദിത്വത്തിനുളളില്‍ നിന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്താതിരിക്കാന്‍ തരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1994ലെ സംസ്ഥാന കാര്‍ഷിക, കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് ഡല്‍ഹിയില്‍ പശുവിനെ കശാപ്പു ചെയ്യുന്നത് നിരോധിക്കപ്പെട്ടിരിക്കുകയാണെന്നും ബസി പറഞ്ഞു. ഈ നിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പോലീസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് കേരള ഹൗസില്‍ പരിശോധന നടത്തിയത് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി പൊലീസ് മേധാവി രംഗത്തെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പോലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. കൂടാതെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. സിപിഎം എം പി മാര്‍ കേരള ഹൗസില്‍ ധര്‍ണ നടത്തുകയും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.