ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് എന്തിനാണെന്നഖൈക്കോടതി. നിയന്ത്രണങ്ങളുടെ പേരിൽ പെൺകുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരായ ഹർജി പരിഗണിക്കവെയാണ് പരാമർശം.
രാത്രി ഒൻപതരയ്ക്ക് ശേഷം പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലെ വേണ്ടതെന്നും ക്യാമ്പസ് സുരക്ഷിതമല്ലെങ്കിൽ ഹോസ്റ്റൽ എങ്ങനെ സുരക്ഷിതമാകുമെന്നും കോടതി ചോദിച്ചു. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.
സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ എന്നും കോടതി ചോദിച്ചു.