‘കേന്ദ്രപദ്ധതികള്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥ’

ശനി, 12 ജൂലൈ 2014 (15:12 IST)
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും നേടിയെടുക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വരള്‍ച്ച സഹായമായി കേന്ദ്രത്തില്‍നിന്നു 2,000 കോടിയോളം രൂപ കേരളത്തിനു ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ജൂണ്‍ 30 പദ്ധതി രേഖ സമര്‍പ്പിക്കേണ്ട അവസാന തീയതിയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രേഖ സമര്‍പ്പിക്കുകയോ കൂടുതല്‍ സമയം ആവശ്യപ്പെടുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
 
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പദ്ധതിരേഖ സമര്‍പ്പിക്കാനായില്ലെന്നാണ് ഇപ്പോള്‍ മന്തി അടൂര്‍ പ്രകാശ് പറയുന്നത്. ഒരു ഉപയോഗവുമില്ലാത്ത ഈ മന്ത്രിയെ ജനങ്ങള്‍ ചൂലെടുത്തു തല്ലണമെന്നും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അര്‍ഹതയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
നഴ്സുമാരെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.  ഈ വിഷയത്തില്‍  എട്ടുകാലി മമ്മൂഞ്ഞാവാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി രാത്രി ഉറക്കമൊഴിഞ്ഞു ഫേസ്ബുക് പോസ്റ്റിട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
 
കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തി മുതലെടുക്കാന്‍ സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തുകയാണ്. കേന്ദ്രസഹായം നേടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിനെ മോഡി വിരോധത്തിന്റെ പേരില്‍ സഹായിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. 
 

വെബ്ദുനിയ വായിക്കുക