സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ സര്‍ക്കാര്‍. അടിയന്തര സഹായമായി 10,000 രൂപ നൽകാനാണ് തീരുമാനം. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം വീതവും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അടിയന്തര സഹായമായി 10,000 രൂപ നൽകും. അടിയന്തര സഹായം ആവശ്യമുള്ളവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ തയ്യാറാക്കും. ഇവ അതാത് സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ യോഗ്യരായിട്ടും സ്ഥാനം പിടിക്കാത്തവരുടെ പേരുകള്‍ ചേര്‍ക്കാനും അല്ലാതെ കടന്നുകൂടിയവരുണ്ടെങ്കില്‍ ഒഴിവാക്കാനും അവസരം നല്‍കും. മുന്നറിയിപ്പിന്റെ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ച കുടുംബങ്ങൾക്കും ഈ തുക ലഭിക്കും.
മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയിൽ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. ഇത്തരത്തിൽ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് അറിയിക്കാൻ സംവിധാനം ഉണ്ടായിരിക്കും . അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.
പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികൾക്കും 15 കിലോ അരി സൗജന്യമായി നല്‍കാനും തീരുമാനമായി. നിലവിൽ സൗജന്യ റേഷൻ ലഭിക്കുന്നവർക്ക് ഇത് ലഭിക്കില്ല. സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന എടുത്തുകളയാൻ ബാങ്കുകളോട് ആവശ്യപ്പെടും. സഹായധനം പരമാവധി രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.