രാത്രി ഏഴേമുക്കാലോടെ തിരക്കേറിയ ഗോശ്രീ രണ്ടാം പാലത്തിനു മുകളില്‍ മിഷേലിനെ കണ്ടതായുള്ള സാക്ഷി മൊഴി മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. നൂറുകണക്കിനു വാഹനങ്ങള്‍ ഇടതടവില്ലാതെ പായുന്ന ഗോശ്രീ പാലത്തില്‍ ആ സമയത്ത് മിഷേല്‍ കായലിലേക്കു ചാടിയെങ്കില്‍ ഏതെങ്കിലും ഡ്രൈവറോ, യാത്രക്കാരനോ അതു കണ്ടിരിക്കാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഹൈക്കോടതി ജംക്ഷനില്‍നിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു മിഷേല്‍ ധൃതിയില്‍ നടക്കുന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ളത്. ഏറ്റവും അപകടകരമായ ഈ ഭാഗത്തുകൂടെ തിരക്കേറിയ ഏഴേമുക്കാല്‍ സമയത്തു നടന്നുവന്ന മിഷേല്‍ ഇവിടെനിന്നു കായലിലേക്കു ചാടിയെങ്കില്‍ തീര്‍ച്ചയായും ഇതുവഴി പോയ ആരുടെയെങ്കിലും കണ്ണില്‍പെട്ടിരിക്കണം. അങ്ങനെയൊരു ദൃക്‌സാക്ഷിയുണ്ടോ എന്നാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഏഴേമുക്കാല്‍ സമയത്ത് ഗോശ്രീ രണ്ടാംപാലം വഴി കടന്നുപോയ ആളുകളെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ചു കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്‍പിലുള്ള ഒരു മാര്‍ഗം. സംഭവം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും ആരും ഇതുവരെ സമീപിച്ചിട്ടില്ല. എന്നാല്‍, കേസില്‍ ഏറെ നിര്‍ണായകമായ ഈ ദൃക്‌സാക്ഷിക്കായുള്ള കാത്തിരിപ്പ് അന്വേഷണ സംഘം അവസാനിപ്പിച്ചിട്ടില്ല. മിഷേലിന്റെ ഫോണിനായി കായലില്‍ നടത്തിയ തിരച്ചിലും വിഫലമായി.