കേരളതീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോള്‍ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ മത്സ്യം കഴിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊര്‍ജിതപ്പെടുത്തുന്നതിനായി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകള്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കും. നിലവില്‍ 20 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റി കപ്പല്‍ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യബന്ധന നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികളും കൈക്കൊള്ളും. അതിന്റെ ഭാഗമായി കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും കാര്യങ്ങളെല്ലാം വിശദീകരിച്ച് കേന്ദ്രത്തിന് ഉടന്‍ കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യ നീക്കവും അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനം നടക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കണ്ട് കാര്യങ്ങള്‍ വേഗത്തിലാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.