കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പിസി ജോര്‍ജിനെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റാനുള്ള നടപടികള്‍ ഇന്ന് ചേരുന്ന ഉന്നതാധികാര സമിതിയോഗത്തില്‍ സ്വീകരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഏക വൈസ് ചെയര്‍മാനാക്കണമെന്നു ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. ജോസഫ് വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.
രണ്ടു വൈസ് ചെയര്‍മാന്മാരെ നിയമിക്കാനുള്ള കെഎം മാണിയുടെ നീക്കം അനുവദിക്കില്ലെന്നു ജോസഫ് വിഭാഗം പറയുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജില്ലാ പ്രസിഡന്റുമാരുടെ യോഗം ബഹിഷ്കരിക്കുമെന്നും ജോസഫ് വിഭാഗം പറയുന്നു. ഇന്ന് ചേരുന്ന ഉന്നതാധികാര സമിതിയോഗത്തില്‍ തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. ഉച്ചക്ക് ശേഷം മൂന്നരക്കാണ് തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്.
അതേസമയം കെഎം മാണിക്കെതിരെ പിസി ജോര്‍ജ് നിയമ നടപടിക്കൊരുങ്ങുകയാണ്. പാര്‍ടി ഭരണഘടനുസരിച്ച് ഒരാള്‍ക്ക് ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും ഒരുമിച്ച് വഹിക്കാനാകില്ലെന്നാണ് വ്യവസ്ഥയെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഉറപ്പുകള്‍ കെ എം മാണിയുടെ തെറ്റിച്ചെന്നുമാണ് ജോര്‍ജിന്റെ വാദം.