കേരളാ കോണ്‍ഗ്രസിനെ (എം) പിളര്‍ത്തിയത് ഉമ്മന്‍ചാണ്ടി; ജോസഫിന്റെ ശക്തിയും മാണിയുടെ വിലപേശലും തകര്‍ത്ത രാഷ്‌ട്രീയ നീക്കം, വിമതര്‍ക്ക് സഭയുടെ അനുഗ്രഹമുണ്ട്

Webdunia
ശനി, 5 മാര്‍ച്ച് 2016 (00:42 IST)
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മധ്യതിരുവതാംകൂറിന്റെ ശക്തിയായ കേരളാ കോണ്‍ഗ്രസിനെ (എം) പിളര്‍ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചടുലനീക്കമായിരുന്നു. കെഎം മാണിയുടെ വളര്‍ച്ചയും വിലപേശലും അവസാനിപ്പിക്കുകയും ഘടകകക്ഷികളെ ഒതുക്കുക എന്ന കോണ്‍ഗ്രസിന്റെ തന്ത്രവും ഉമ്മന്‍ചാണ്ടി ഭംഗിയായി പ്രാവര്‍ത്തികമാക്കിയതിന്റെ ഫലമാണ് മാണി കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് വഴിയൊരുക്കിയത്.

പിജെ ജോസഫും മാണിയും മധ്യതിരുവതാംകൂറില്‍ ശക്തിയായി വളരുകയാണെങ്കിലും ഇരുവരെയും തമ്മിലടിപ്പിക്കാന്‍ ലഭിച്ച സാഹചര്യങ്ങളെല്ലാം ഉമ്മന്‍ചാണ്ടി ഉപയോഗിച്ചിരുന്നു. അന്നും ഇന്നും കോട്ടയത്തെ നേതൃസ്ഥാനത്തിന് വേണ്ടി മാണി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്നു. ഇരുവരും ഒരു കുടക്കിഴില്‍ എത്തിയതോടെ കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിന് അല്‍പ്പം തിരിച്ചടിയുണ്ടായതുമാണ്. അന്നുമുതല്‍ ഇന്നുവരെ ഇരുവരെയും യോജിച്ചവരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നതാണ് സത്യം. ഇപ്പോള്‍ ലഭിച്ച അവസരം വിജയകരമാക്കി തീര്‍ക്കുകയും ചെയ്‌തു ഉമ്മന്‍ചാണ്ടി.

ജോസഫും മാണിയും തമ്മില്‍ സീറ്റിനെച്ചൊല്ലി കശപിശ തുടങ്ങിയപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി അണിയറയില്‍ ചരട് വലി നടത്തി തുടങ്ങിയിരുന്നു. കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ആവില്ലെന്നും സീറ്റുകള്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനോട് ചോദിച്ച് വാങ്ങുവാനുമായിരുന്നു മാണി ജോസഫ് വിഭാഗത്തിനോട് പറഞ്ഞിരുന്നത്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് യുഡിഎഫിലെ മുഖ്യഘടകകഷിയായ മുസ്‌ലിം ലീഗുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്‌ച നടത്തുകയും കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് വേണ്ട എന്ന് അവരെകൊണ്ട് പറയിപ്പിക്കുകയുമായിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയും ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യതയുള്ളതായി കരുതപ്പെടുന്ന പാര്‍ട്ടിയുമായ ലീഗ് തന്നെ കൂടുതല്‍ സീറ്റുകള്‍ വേണ്ടതില്ലെന്ന നിലപാട് എടുത്തത് മറ്റു കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയായി. ഇതോടെ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുക എന്നത് മാണി കോണ്‍ഗ്രസിന് അസാധ്യമായി തീരുകയുമായിരുന്നു.

എന്നാല്‍, മാണി കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കത്തോലിക്ക സഭയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. യുഡിഎഫിനോട് വിയോജിപ്പ് തുടരുന്ന സഭയും പുതിയ സാഹചര്യം മുതലാക്കുകയായിരുന്നു. പഴയ കേരളാ കോണ്‍ഗ്രസിലെ രണ്ടാംനിരനേതാക്കളാണ് ഇപ്പോള്‍ പുറത്തുപോയിരിക്കുന്നത്. പുറത്തുപോയ നേതാക്കളോടൊപ്പമാണ് പഴയ ജോസഫ് വിഭാഗത്തിലെ 85 ശതമാനം അണികളും. എന്നാല്‍, മാണിയോട് അടുപ്പം കാണിക്കുന്നവര്‍ പുറത്തു പോയിട്ടില്ല എന്നതാണ് മാണിവിഭാഗത്തിനുള്ള ആശ്വാസം. ഈ സാഹചര്യം തിരിച്ചടി നല്‍കുന്നത് ജോസഫിന് തന്നെയാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗവും സിപിഎമ്മും ഒരു പോലെ പറയുന്നത്.