കേരള കോണ്‍ഗ്രസ്(ജേക്കബ്)ന് പിറവം മാത്രം, അങ്കമാലി സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു; പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നെന്ന് ജോണി നെല്ലൂര്‍

Webdunia
വെള്ളി, 1 ഏപ്രില്‍ 2016 (09:00 IST)
പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നെന്ന് കേരള കോണ്‍ഗ്രസ് (ചെയര്‍മാന്‍) ജോണി നെല്ലൂര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ പിറവം സീറ്റു മാത്രം നല്കാനുള്ള യു ഡി എഫ് തീരുമാനം അറിഞ്ഞതിനു ശേഷം മൂവാറ്റുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന് പിറവം മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന അങ്കമാലി സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതാണ്, പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോണി നെല്ലൂരിനെ ക്ഷുഭിതനാക്കിയത്.
 
2011ല്‍ നിയമസഭസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ യാതൊരു കാരണവുമില്ലാതെ കേരള കോണ്‍ഗ്രസ് (ജേക്കബ്) മത്സരിച്ചിരിച്ചിരുന്ന മൂവാറ്റുപുഴ ഞങ്ങളില്‍ നിന്ന് എടുത്തുമാറ്റി. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ടതിന്റെ തലേന്ന് ആയിരുന്നു അത് അറിയിച്ചത്. മൂവാറ്റുപുഴ രൂപീകൃതമായ കാലം മുതല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമായിരുന്നു മത്സരിച്ചിട്ടുള്ളത്. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, മൂവാറ്റുപുഴ ഇല്ലെന്ന് പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ അങ്കമാലി ഏറ്റെടുത്ത് മത്സരിച്ചു. പക്ഷേ, യു ഡി എഫിന് വലിയ സ്വാധീനമുള്ള മണ്ഡലമായിട്ടും അങ്കമാലിയില്‍ പരാജയപ്പെടുകയായിരുന്നു.
 
2011 മുതല്‍ ഈ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമം ഉണ്ടായിരുന്നു. അങ്കമാലിയില്‍ പരാജയപ്പെട്ടതിനു ശേഷം അവിടെ ഓഫീസും വീടും എടുത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. അങ്കമാലിയില്‍ നിന്ന് നന്നായി പ്രവര്‍ത്തിക്കണമെന്ന് അന്നത്തെ കെ പി സി സി അധ്യക്ഷനും ഇന്നത്തെ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിളംബരമാകുന്നതിനു മുമ്പ് ഇപ്രാവശ്യം ജയിച്ചുവരണം എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുകയും ചെയ്തിരുന്നു.
 
തെരഞ്ഞെടുപ്പിനു വേണ്ട മുന്നൊരുക്കങ്ങള്‍ അങ്കമാലിയില്‍ നടത്തിയ പൊതുപ്രവര്‍ത്തകനാണ് ഞാന്‍. സോണിയ ഗാന്ധി കോട്ടയത്ത് വന്നപ്പോള്‍ പാര്‍ട്ടിക്ക് 2011ല്‍ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു. തങ്ങളുടെ നാലു സീറ്റും അനുവദിച്ചു തരണമേന്ന് ആവശ്യപ്പെട്ട് കത്ത് നല്കിയിരുന്നു. കത്തിന്റെ പകര്‍പ്പ് കെ പി സിസി അധ്യക്ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു ഡി എഫ് കണ്‍വീനര്‍ എന്നിവര്‍ക്കും നല്കിയിരുന്നെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
 
അങ്കമാലി, പിറവം എന്നീ സീറ്റുകള്‍ നിര്‍ബന്ധമായും കുട്ടനാട് അല്ലെങ്കില്‍ ഉടുമ്പന്‍ ചോല, കൊട്ടാരക്കര അല്ലെങ്കില്‍ പുനലൂര്‍ എന്നിങ്ങനെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിറവം മാത്രമാണ് ലഭിച്ചത്. കൂടെ കൊണ്ടുനടന്നു ചതിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.