ഏഴാം തിയതിയോടെ യുഡിഎഫ് ശിഥിലമാകും; കോണ്‍ഗ്രസില്‍ യുദ്ധസമാനമായ സാഹചര്യം!

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (16:39 IST)
ഉടക്കി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി കോണ്‍ഗ്രസുമായി അനുരഞ്ജനത്തിന് തയാറാകാതെ വന്നതോടെ യുഡിഎഫില്‍ പ്രത്യേക രാഷ്‌ട്രീയ സാഹചര്യം കൈവരുന്നു. മാണിക്ക് പിന്തുണയുമായി ഘടകകഷികള്‍ രംഗത്തെത്തിയതോടെയാണ് പുതിയ സാഹചര്യമൊരുങ്ങുന്നത്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായി.

നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍‌വിക്ക് കാരണമായത് ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയതു മൂലമാണെന്നാണ് ജെ ഡി യുവിന്റെയും ആര്‍ എസ് പിയുടെയും പരാതി. യുഡിഎഫ് യോഗത്തില്‍ ജെഡിയു വിഷയം അവതരിപ്പിച്ചുവെങ്കിലും പ്രതീക്ഷിച്ച മറുപടിയൊന്നും ലഭ്യമായില്ല. അതേസമയം, തെരഞ്ഞെടുപ്പിലെ തോല്‍‌വി നില നില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് ആര്‍എസ്പി പറയുന്നത്. ഇതിനെല്ലാം കാരണക്കാര്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

ഈ സാചര്യത്തില്‍ യു ഡി എഫിലെ പ്രധാനഘടകക്ഷിയായ കേരളാ കോണ്‍ഗ്രസിന്റെ (എം) നേത്രത്വത്തില്‍ ഘടകകക്ഷികള്‍ പ്രത്യേക ബ്ലോക്കാകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാണിയുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനത്തില്‍ നിന്ന് ഇവര്‍ പിന്മാറുകയായിരുന്നു. അതിന് ശേഷം ജെഡിയുവും ആര്‍എസ്പിയും മാണിക്ക് ഒപ്പമാണാള്ളത്.

ഇപ്പോള്‍ മാണിക്ക് ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനും മാണിക്ക് പിന്തുണ നല്‍കുന്നതിനുമാണ് മാണിയുടെ ആവശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആര്‍എസ്പിയും ജെഡിയുവും ആവശ്യപ്പെടുന്നത്. ബാര്‍ കോഴക്കേസില്‍ ഇരട്ട നീതിയാണ് നടന്നതെന്ന വാദത്തിനോട് ഘടകക്ഷികളും അനുകൂലിക്കുന്നുണ്ട്. പക്ഷേ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വം കൂട്ടാക്കിയിട്ടില്ല. ഇതും മാണിയെ ചൊടിപ്പിക്കുന്നുണ്ട്.

മാണി ഉടക്കിയാല്‍ യു ഡി എഫ്  ശിഥിലമാകുമെന്നും ഉടന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കെ പി സി സിയോട് ആവശ്യപ്പെട്ടു. മാണി ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളാണെന്നും അത് കേള്‍ക്കാനും പരിഹരിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെടുന്നത്. ഇതോടെയാണ് മാണി വിഷയത്തില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായത്.

ബാര്‍ കോഴ കേസില്‍ ചതിച്ച കോണ്‍ഗ്രസിനോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാറുകയും സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും സമദൂരം പാലിക്കാനുമാണ് മാണി വിഭാഗത്തിന്റെ തീരുമാനം.
ആറിനും ഏഴിനുമായി ചേരുന്ന ചരല്‍കുന്ന് ക്യാമ്പില്‍ തുടര്‍ നിലപാടുകള്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിക്കും.

ക്യാമ്പിന്റെ തുടക്കത്തില്‍ ആദ്യം പാര്‍ട്ടി സ്‌റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റുമാരും മറ്റും പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടക്കും. രാത്രിയില്‍ എംഎല്‍എമാരുടെയും എംപി മാരുടെയും സംയുക്‍തയോഗം ചേരും. ഈ യോഗത്തിലാകും പ്രത്യോക ബ്ലോക്കായി ഇരിക്കുന്നതടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കുക. ഏഴിന് ചേരുന്ന രാഷ്‌ട്രീയ പ്രമേയത്തിലൂടെ ഇക്കാര്യം അവതരിപ്പിക്കാനുമാണ് മാണിയുടെ ലക്ഷ്യം. അതേസമയം, കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നീക്കം ശക്തമായിരിക്കുകയാണ്.

അതിനിടെയാണ് കോൺഗ്രസ് കേരളാ ഘടകത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ എങ്ങനെയും ഒതുക്കണമെന്ന നിലപാട് എടുത്തിരിക്കുന്ന ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തു വരുമെന്ന് ഉറപ്പായതോടെ മറ്റൊരു പ്രതിസന്ധിയുമാണ് കോണ്‍ഗ്രസില്‍ ഉണ്ടാകാന്‍ പോകുന്നത്.
Next Article