എത്ര മനോഹരമായ ആചാരങ്ങള്‍, കേന്ദ്രം നല്‍കിയ ഫണ്ടുകള്‍ നാട്ടുകാരറിയാതെ കേരളം മുക്കി...!

Webdunia
ഞായര്‍, 17 മെയ് 2015 (12:57 IST)
കേന്ദ്രസര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടുകള്‍ കേരളസര്‍ക്കാര്‍ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്നു. ചട്ട വിരുദ്ധമായി കേന്ദ്രഫണ്ട് പദ്ധതികള്‍ക്ക് വിനിയോഗിക്കാതെ തടഞ്ഞുവയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം പദ്ധതികള്‍ക്കായുള്ള ഫണ്ട് വിട്ടുകൊടുത്തില്ലെങ്കില്‍ കേരളത്തിന് മേലില്‍ കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ക്ക് ഫണ്ട് നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഗ്രാമീണറോഡ് വികസന പദ്ധതിയിലാണ് കേരളം തിരിമറി കാണിച്ചിരിക്കുന്നത്. ഗ്രാമീണ റോഡുപദ്ധതിക്ക് 2015-'16 ലേക്ക് അനുവദിച്ച 51 കോടി രൂപയില്‍ 22 കോടി കഴിഞ്ഞമാസം 23-നാണ് കേരളസര്‍ക്കാറിന് നല്‍കിയത്. പദ്ധതി നടപ്പാക്കുന്ന 'കേരളാ സ്റ്റേറ്റ് റൂറല്‍ റോഡ് ഡവലപ്പ്‌മെന്റ് ഏജന്‍സിക്ക് (കെ.എസ്.ആര്‍.ആര്‍.ഡി.എ.) മൂന്നുദിവസത്തിനകം ഈ തുക കൈമാറണമെന്നും വൈകുന്ന ഓരോ ദിവസത്തിനും 12 ശതമാനം പലിശ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അന്നത്തെ കത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ പണം നല്‍കിയില്ലെന്ന് മാത്രമല്ല, മെയ് 13-ന് ഒരുത്തരവിലൂടെ അത് പിടിച്ചുവെക്കാന്‍ നിബന്ധന പുറത്തിറക്കുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍ പെട്ട കേന്ദ്ര ജോയന്റ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സര്‍ക്കാറിന്റെ ഈ ഉത്തരവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന് അയച്ച കത്തില്‍ വിശദീകരിച്ചു. ഏതു ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേന്ദ്രം ചോദിച്ചു. 22 കോടി രൂപ ഉടന്‍തന്നെ കെ.എസ്.ആര്‍.ആര്‍.ഡി.എ.യുടെ അക്കൗണ്ടിലേക്ക് കൈമാറണം. ഇല്ലെങ്കില്‍ ഗ്രാമീണ റോഡു പദ്ധതിക്കുള്ള പണം ഇനി അനുവദിക്കില്ലെന്ന മുന്നറിയിപ്പും കത്തില്‍ നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും കേരളത്തില്‍ ഇഴഞ്ഞു നീങ്ങുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രദ്ധിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഗ്രാമീണറോഡു പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. പദ്ധതിയുടെ നടത്തിപ്പില്‍നിന്ന് എം.പി.മാരെ അകറ്റിനിര്‍ത്തുന്നത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നീദ്ദേശം അവഗണിച്ചിട്ടും എം‌പിമാരെ പദ്ധതിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന നിലപാടാണ് കേരളത്തിന്റേത്.