നാണക്കേടുമായി കളം വിട്ട ബ്ലാസ്‌റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ കോപ്പല്‍ വരുന്നു

Webdunia
തിങ്കള്‍, 20 ജൂണ്‍ 2016 (09:35 IST)
രണ്ടാം സീസണില്‍ നാണക്കേടുമായി കളം വിട്ട കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ മുൻ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ പരിശീലകനുമായ സ്റ്റീവ് കോപ്പൽ എത്തും. ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ തെൻഡുൽക്കറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഡേവിഡ് ജെയിംസിനും പീറ്റര്‍ ടെയിലര്‍ക്കും ശേഷമാണ് കോപ്പല്‍ ബ്ളാസ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.
കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് അയർലൻഡുകാരനായ ടെറി ഫെലാനെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. ഐഎസ്എലില്‍ കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച ബ്ളാസ്റേഴ്സിനു ഊര്‍ജം പകരാന്‍ കോപ്പലിന് ആകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

ലോകകപ്പ് ഉൾപ്പടെ ഇംഗ്ലണ്ടിനുവേണ്ടി 42 മൽസരങ്ങൾ സ്റ്റീവ് കോപ്പൽ കളിച്ചിട്ടുണ്ട്. ഏഴു ഗോളുകളും നേടി. മാഞ്ചസ്റ്റർ യൂണൈറ്റഡിനുവേണ്ടി 322 മൽസരങ്ങൾ കളിച്ച കൊപ്പൽ 53 ഗോളുകൾ നേടിയിട്ടുണ്ട്.

പരുക്കിനെ തുടർന്ന് മൽസര രംഗത്തോട് വിടപറഞ്ഞ കോപ്പൽ 1984 മുതൽ പരിശീലക സ്ഥാനത്തേയ്ക്ക് മാറി. ക്രിസ്റ്റൽ പാലസായിരുന്നു പരിശീലിപ്പിച്ച ആദ്യ ടീം. മാഞ്ചസ്റ്റർ സിറ്റി, ബ്രെന്റ്ഫ്രോഡ്, ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയൻ, റീഡിങ്, ബ്രിസ്റ്റൽ സിറ്റി എന്നീ ടീമുകളുടെയും പരിശീലിപ്പിച്ചിട്ടുണ്ട്.  
Next Article