കേരളം ചുവപ്പണിഞ്ഞു; ചെങ്കൊടി പാറിയപ്പോള്‍ വലതു കോട്ടകള്‍ തരിപ്പണം, ബാബു അടക്കം നാല് മന്ത്രിമാര്‍ തോറ്റു, കോട്ടയം യുഡിഎഫിനെ കൈവിട്ടില്ല

Webdunia
വ്യാഴം, 19 മെയ് 2016 (14:52 IST)
നിര്‍ണായകമായ നിയമസഭ പോരാട്ടത്തിനൊടുവില്‍ കേരളം എല്‍ഡിഎഫ് ഭരിക്കുമെന്ന് വ്യക്തം. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി ഭരണത്തിലേക്ക് കടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ബിജെപി സംസ്ഥാനത്ത് അക്കൌണ്ട് തുറന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരു പ്രത്യേകത. 140 മണ്ഡലങ്ങളിലായി നടന്ന മത്സരത്തില്‍ എല്‍ഡിഎഫ് 91 സീറ്റുകളില്‍ ജയം നേടിയപ്പോള്‍ 46 സീറ്റുകളില്‍ മാത്രമായി ഒതുങ്ങനായിരുന്നു യുഡിഎഫിന്റെ വിധി. നേമത്താണ് ബിജെപി പ്രതീക്ഷിച്ചിരുന്ന താമര വിരിഞ്ഞത്.

ഇടതു മുന്നണിയുടെ തേരോട്ടത്തില്‍ വലതു കോട്ടകള്‍ തരിപ്പണമായപ്പോള്‍ മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസും മലപ്പുറത്ത് മുസ്‌ലിം ലീഗും നേടിയ വിജയമാണ് യുഡിഎഫിനെ താങ്ങി നിര്‍ത്തിയത്. ആര്‍എസ്‌പി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ബിഡിജെഎസ്, ജെഡിയു (വീരേന്ദ്രകുമാര്‍ വിഭാഗം) എന്നിവര്‍ക്ക് ഒരാളെ പോലും നിയമസഭയില്‍ എത്തിക്കാനായില്ല. അതേസമയം, പുഞ്ഞാറില്‍ മൂന്ന് മുന്നണികളെയും തരിപ്പണമാക്കി പിസി ജോര്‍ജ് നേടിയ വിജയമാണ് ചരിത്രത്തില്‍ ഇടം പിടിച്ച മറ്റൊന്ന്. നേമത്ത് ഒ രാജഗോപാലിലൂടെയാണ് ബിജെപി അക്കൌണ്ട് തുറന്നത്.

ആധികാരികമായ വിജയമാണ് ഇടതുമുന്നണി നേടിയപ്പോള്‍ നാല് യുഡിഎഫ് മന്ത്രിമാരാണ് തോല്‍‌വി അറിഞ്ഞത്. ഷിബു ബേബി ജോണ്‍, കെ ബാബു, പികെ ജയലക്ഷമി, കെപി മോഹനന്‍ എന്നിവരാണ് പരാജയം രുചിച്ചത്. കൊല്ലത്തെ സമ്പൂര്‍ണ്ണമായി ചുവപ്പിക്കാന്‍ സിപിഎമ്മിനായി.

തിരുവനന്തപുരം: എല്‍ഡിഎഫ് 9, യുഡിഎഫ് 4, എന്‍ഡിഎ 1.
കൊല്ലം: എല്‍ഡിഎഫ് 11, യുഡിഎഫ് 0.
പത്തനംത്തിട്ട: എല്‍ഡിഎഫ് 4, യുഡിഎഫ് 1.
ആലപ്പുഴ: എല്‍ഡിഎഫ് 8, യുഡിഎഫ് 1.
കോട്ടയം: യുഡിഎഫ് 6, എല്‍ഡിഎഫ് 2.
ഇടുക്കി: എല്‍ഡിഎഫ് 3, യുഡിഎഫ് 2.
എറണാകുളം: യുഡിഎഫ് 9, എല്‍ഡിഎഫ് 5,
തൃശൂര്‍: എല്‍ഡിഎഫ് 12, യുഡിഎഫ് 1.
പാലക്കാട്: എല്‍ഡിഎഫ് 9, യുഡിഎഫ് 3,
മലപ്പുറം: യുഡിഎഫ് 12, എല്‍ഡിഎഫ് 4.
കോഴിക്കോട്: എന്‍ഡിഎഫ് 11, യുഡിഎഫ് 2.
വയനാട്: എല്‍ഡിഎഫ് 2, യുഡിഎഫ് 1.
കണ്ണൂര്‍: എല്‍ഡിഎഫ് 8, യുഡിഎഫ് 3.
കാസര്‍കോഡ്: എല്‍ഡിഎഫ് 3, യുഡിഎഫ് 2.

സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷത്തില്‍ വിജയിച്ചത് തൊടുപുഴയില്‍ മന്ത്രി പിജെ ജോസഫാണ്. 45,587 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണു ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം മട്ടന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇപി ജയരാജനാണ്. 43381 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയരാജന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെപി പ്രശാന്തിനെ തോല്‍പ്പിച്ചത്.

അതേസമയം, ഇടതു കൊടുങ്കാറ്റില്‍ യുഡിഎഫ് കോട്ടകള്‍ നിലംപരിശായിട്ടും കോട്ടയം യുഡിഎഫിനെ കൈവിട്ടില്ല. 14 ജില്ലകളിലെയും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിട്ടും കോട്ടയം യുഡിഎഫിന് നഷ്ടമായില്ല. പ്രവചനക്കാര്‍ക്ക് തെറ്റിയ ഏക ജില്ലയും കോട്ടയമാണ്. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ ജില്ലയില്‍ ഇടതുശക്തി കേന്ദ്രമായ വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ വിജയത്തില്‍ എല്‍ഡിഎഫ് ഒതുങ്ങി.
Next Article