കെ സി അബുവിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ പരസ്യശാസന

Webdunia
ഞായര്‍, 1 മെയ് 2016 (14:56 IST)
കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യശാസന. മതസ്പര്‍ധയുണ്ടാകുന്ന രീതിയില്‍ സംസാരിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ശാസന. ബേപ്പൂരിലെ വര്‍ഗീയപ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.
 
അബുവിന്റെ വിശദീകരണം തള്ളിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിച്ചത്. യു ഡി എഫ് ബേപ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു വിവാദപ്രസംഗം. മതത്തിന്റെ പേരില്‍ വോട്ട് തേടിയതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അബുവിന് നോട്ടീസ് നല്കിയിരുന്നു.
 
സംഭവത്തില്‍ നല്ലളം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബു നല്കിയ പരാതിയിലായിരുന്നു നടപടി.
 
ഏപ്രില്‍ ഏഴിന് ചെറുവണ്ണൂരില്‍ നടന്ന യു ഡി എഫ് പ്രചാരണയോഗത്തില്‍ മുസ്ലിമായ മേയര്‍ കോഴിക്കോടിന് നഷ്‌ടപ്പെടാതിരിക്കാന്‍ വി കെ സി മമ്മദ് കോയ തോല്‍ക്കുകയും ആദം മുല്‍സി ജയിക്കുകയും വേണമെന്നും ഒരു നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു പ്രസംഗം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Next Article