കതിരൂര്‍ മനോജ് വധം: ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജയരാജന് വീണ്ടും സിബിഐ നോട്ടീസ്

Webdunia
തിങ്കള്‍, 11 ജനുവരി 2016 (09:27 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് സി ബി ഐ വീണ്ടും നോട്ടീസ് അയച്ചു. ചൊവ്വാഴ്ച തലശ്ശേരി റസ്റ്റ് ഹൌസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
 
ആര്‍ എസ് എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കൊല്ലപ്പെട്ട കേസില്‍ ഈ മാസം ആറിന് ഹാജരാകണമെന്ന് സി ബി ഐ നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ഒരാഴ്ചത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സി ബി ഐയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
 
കേസുമായി ബന്ധപ്പെട്ട് സി പി എം ബന്ധമുള്ള 18 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1999ല്‍ ജയരാജനു നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മനോജ്. വധ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ സി ബി ഐ നടത്തുന്നത്.