കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകം; ആക്രമിച്ചത് കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ച് - ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നു

തിങ്കള്‍, 18 ഫെബ്രുവരി 2019 (10:21 IST)
കാസര്‍കോട്‌ പുല്ലൂര് ‍- പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം രാഷ്‌ട്രീയ കൊലപാതകമെന്ന് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും
എഫ്ഐആറില്‍ വ്യക്തമാക്കുന്നു.

സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട ശരതും കൃപേഷും പ്രതികളാണ്. ശരത് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമാണ്. ഈ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ   ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാധമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിൻറെ നിഗമനം.

ശരത്തിന്റെയും കൃപേഷിൻറേയും ഇൻക്വസ്റ്റ് റിപ്പോർട്ടും പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം.

ശരത് ലാലിന്റെ കഴുത്തിൻറെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളേറ്റു.  അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിലാണ് കാലിലെ മുറിവ്.

കൃപേഷിൻറെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെൻറിമീറ്റർ നീളത്തിലും രണ്ട് സെൻറിമീറ്റർ ആഴത്തിലുമുള്ളതാണ് വെട്ട്.

കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ജീപ്പിലെത്തിയ സംഘം ബൈക്ക്  തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.

അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത്തും മരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍