യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; ഹര്‍ത്താല്‍ തുടങ്ങി - പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
തിങ്കള്‍, 18 ഫെബ്രുവരി 2019 (07:38 IST)
കാസര്‍കോട് പുല്ലൂര് - പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
ഹര്‍ത്താലില്‍ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും.
കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.
അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത്തും മരിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്‌റ്റിലായ പ്രതിയാണ് ശരത്ത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്നു സിപിഎം പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇന്ന് വൈകീട്ട് കാസർകോട്ടെത്തും.