കെവിൻ വധം: കൈക്കൂലി വാങ്ങിയ എസ്ഐയുടെ ജോലി പോകും - എഎസ്ഐയെ പിരിച്ചുവിട്ടു

ശനി, 16 ഫെബ്രുവരി 2019 (16:27 IST)
കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. പ്രതിയിൽനിന്നു കോഴ വാങ്ങിയ സംഭവത്തിൽ എ എസ്ഐ ടിഎം ബിജുവിനെ പിരിച്ചുവിട്ടു.

ഗാന്ധിനഗർ മുൻ എസ്ഐ എംഎസ് ഷിബുവിനെ സർവീസിൽ നിന്നു പുറത്താക്കും. സിപിഒ എംഎൻ അജയകുമാറിന്റെ ഇൻ‌ക്രിമെന്റ് മൂന്നു വർഷം പിടിച്ചുവയ്ക്കും.

കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാഖറെ ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യം. മറുപടി ലഭിച്ചാല്‍ സര്‍വ്വീസില്‍ നിന്നും ഷിബുവും പുറത്താകും.

ഷിബു കൃത്യവിലോപം നടത്തിയെന്ന് ഐജി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡ്രൈവറായിരുന്ന എംഎൻ അജയകുമാറിന്റെ 3 വർഷത്തെ ആനുകൂല്യങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽനിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്ഐ ടിഎം ബിജുവിന് അറിയാമായിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ല എന്നീ ആരോപണങ്ങള്‍ക്കെതിരെയാണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍