ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന് ഹരിദ്വാര്‍ ഭാരത്മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കുന്നതിനു വേണ്ടിയാണ് ഇതെന്നും കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ സന്‍സദില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുക്കള്‍ക്കുമാത്രം രണ്ട് കുട്ടികള്‍ മതിയെന്ന നിലവിലെ നയം മാറ്റണം. ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങളെല്ലാം ഇന്ത്യക്ക് നഷ്ടമായ അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയ്ക്ക് കാരണം. സര്‍ക്കാര്‍ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതുവരെ രാജ്യത്തെ ഹിന്ദുക്കള്‍ കുറഞ്ഞത് നാലു കുട്ടികള്‍ക്കെങ്കിലും ജന്മം കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുള്ള എല്ലാ ഗോരക്ഷകരും സമാധാനപ്രിയരാണ്. എന്നാല്‍ ഗോരക്ഷകരെന്ന് നടിച്ച് ചില കുറ്റവാളികള്‍ വ്യക്തിപരമായ പകവീട്ടലുകള്‍ നടത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ജാതീയമായ അസമത്വം അവസാനിപ്പിക്കാന്‍ സന്‍സദിലൂടെ കഴിയുമെന്ന് വിശ്വ ഹിന്ദു പരിഷത് അഭിപ്രായപ്പെട്ടു.