കരിപ്പൂര്‍ സംഭവം: ജവാന്മാരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (17:58 IST)
കരിപ്പൂര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് സി ഐ എസ് എഫ് ജവാന്മാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
 
സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാകുന്നവരുടെ എണ്ണം ഇതോടെ 23 ആയി. അതേസമയം, ഞായറാഴ്ച സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി ഐ എസ് എഫ് ജവാന്മാര്‍ കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
 
പൊതുമുതല്‍ നശിപ്പിച്ച കേസിലായിരുന്നു ഇവര്‍ കീഴടങ്ങിയത്. ഇവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങിയത്.
 
നേരത്തെ, പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ നാലു ഭടന്‍മാരുടെ ജാമ്യാപേക്ഷ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. റിമാന്‍‌ഡില്‍ കഴിയുന്ന ബീഹാര്‍ സ്വദേശി വിനയകുമാര്‍ ഗുപ്ത (25), മഹാരാഷ്ട്ര സ്വദേശി രാമോഗി ദീപക് യശ്വന്ത് (26), ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിംഗ് (26), രാജസ്ഥാന്‍ സ്വദേശി രാകേഷ് കുമാര്‍ മീണ (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്.