കാരായി ചന്ദ്രശേഖരനേയും രാജനേയും മത്സരിപ്പിച്ചേക്കും

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (11:59 IST)
ഫസല്‍ വധക്കേസിലെ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും തലശ്ശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്ക് മത്സരിപ്പിക്കാനും നീക്കം. ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാനസമിതിയെ അറിയിക്കും.

രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ ഈ നീക്കത്തെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ വിഷയം പ്രതിസന്ധിയിലാകുകയായിരുന്നു. പാട്യത്തോ കതിരൂരിലോ രാജനെ നിര്‍ത്താനുള്ള നിക്കത്തെ പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും മയ്യില്‍ എരിയാസെക്രട്ടറി ടി.കെ.ഗോവിന്ദനെ മത്സരിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയം സംസ്ഥാനകമ്മിറ്റിക്ക് വിടാന്‍ യോഗം തീരുമാനിച്ചത്.

കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്ക് മത്സരിപ്പിക്കണമന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം ജില്ലാക്കമ്മിറ്റി അംഗീകരിച്ചു. ചന്ദ്രശേഖരന്റെ സ്ഥലമായ തിരുവങ്ങാട് ഉള്‍പ്പെടുന്ന വാര്‍ഡിലായിരിക്കും അദ്ദേഹം മത്സരിക്കാന്‍ സാധ്യത. ഇരുവരോടും തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായിട്ടാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.