ചോരയിൽ ചുവക്കുന്ന കണ്ണൂർ: ഐ ജിയുടെ പരാമർശം ശരിയോ? തുടർ നടപടികൾ എന്തെല്ലാം?

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (15:09 IST)
കണ്ണൂരിൽ അരങ്ങേറി കൊണ്ടി‌രിക്കുന്ന രാഷ്ട്രീയ കൊലപാതാകങ്ങളിൽ ഇടപെടുന്നതിൽ പൊലീസിനു പരിമിതിയുണ്ടെന്ന ഐ ജി ദിനേന്ദ്ര കശ്യപിന്റെ പ്രസ്താവന വിവാദത്തിലേക്ക്. ഐ ജിയുടെ പരാമർശം ശരിയല്ലെന്ന് ഉന്നത ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. ഐജിയുടെ പ്രസ്താവന ഗൗരവമായി കാണണമെന്ന് പൊലീസ് രഹസ്യന്വേഷണ വിഭാഗവും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. 
 
കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് മാധ്യമങ്ങളോട് ഐ ജി വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ് ഐ ജി വ്യക്തമാക്കിയത്. ഇരുവിഭാഗവും വിട്ടുവീഴ്ച്ചയില്ലാതെ പെരുമാറിയാല്‍ പൊലീസിനു എന്താണ് ചെയ്യാനാവുക. സമാധാനമുണ്ടാക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇന്റലിജൻസ് റിപ്പോർട്ട്.
 
ക്രമസമാധാനപാലന ചുമതലയുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഒരിക്കലും ഇത്തരം പരസ്യപ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും സേനയുടെ വിശ്വാസ്യതയെപ്പോലും ഇതു ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഐ.ജിയുടെ പരാമര്‍ശം കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുമെന്ന വിമര്‍ശവും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 
 
2002 ല്‍ ചാവശേരിയില്‍ ബസിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ഉത്തമന്റെ മകനാണ് രമിത്ത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് രണ്ടു കൊലപാതകങ്ങളും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുളില്‍ അരങ്ങേറിയത്. കണ്ണൂര്‍ പൊലീസില്‍ സമഗ്ര അഴിച്ചുപണിക്കുള്ള സാധ്യതകളും ആഭ്യന്തര വകുപ്പ് തള്ളില്ലെന്നാണു സൂചന.
Next Article