കണ്ണൂരിലെ ഇരിട്ടി താലൂക്കിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍കൃഷിനാശം; നശിച്ചത് 6000 കശുമാവുകള്‍, 3500 റബ്ബര്‍ മരങ്ങള്‍, 1500 തെങ്ങുകള്‍
ആഗസ്റ്റ് ഒന്നിന് രാത്രി ഉരുള്‍പൊട്ടലുണ്ടായ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജില്‍ 2.74 കോടി രൂപയുടെ കൃഷിനാശം. 43.4 ഹെക്ടറില്‍ 589 കര്‍ഷകരുടെ കൃഷി നശിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്കാണ് കൂടുതലായി നാശനഷ്ടമുണ്ടായത്. 152 കര്‍ഷകരുടെ 3500 റബ്ബര്‍ മരങ്ങള്‍ നശിച്ചു. ഇതില്‍ 2000 ടാപ്പ് ചെയ്ത റബ്ബറും 1500 ടാപ്പ് ചെയ്യാത്തതും ഉള്‍പ്പെടും. ആകെ 62.5 ലക്ഷം രൂപയുടെ നഷ്ടം റബ്ബര്‍ കര്‍ഷകര്‍ക്കുണ്ടായി.
42 കര്‍ഷകരുടെ 6000 കശുമാവുകള്‍ നശിച്ചു. 60 ലക്ഷം രൂപയുടെ നാശനഷ്ടം. 164 വാഴ കര്‍ഷകരുടെ 6000 കുലച്ച വാഴകളും 4000 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 52 ലക്ഷത്തിന്റെ നാശനഷ്ടം. 82 കേരകര്‍ഷകരുടെ 1500 തെങ്ങുകള്‍ നശിച്ചു. കുലച്ച 750 തെങ്ങുകളും ഒരു വര്‍ഷത്തിലേറെ പ്രായമുള്ള 750 തൈകളും ഉള്‍പ്പടെ 45 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കര്‍ഷകര്‍ക്കുണ്ടായത്.