ആവേശത്തിരയിളക്കി കലാശക്കൊട്ട്, ഇനി നിശ്‌ശബ്‌ദപ്രചാരണം

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2015 (17:09 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി ഒരു ദിവസം നിശ്‌ശബ്‌ദ പ്രചാരത്തിന്. അഞ്ചാം തിയതി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
 
രണ്ടാംഘട്ടത്തില്‍ ആകെ 19,328 പോളിംഗ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ 12,651 വാർഡുകളിലേക്കു 44,388 സ്ഥാനാർഥികളാണു ജനവിധി തേടുക. 
 
ഒന്നാംഘട്ടത്തിൽ ഏഴു ജില്ലകളിലെ 9220 വാർഡുകളിലായി 31,161 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. പുതിയതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികളും രണ്ടാംഘട്ട പ്രചരണം നടക്കുന്നവയില്‍ ഉള്‍പ്പെടുന്നു. തൃശൂരില്‍ 55ഉം കൊച്ചിയില്‍ 74 വാര്‍ഡുകളും ഉള്‍പ്പെടുന്നു.
 
അതേസമയം, ക്രമസമാധാനം ഉറപ്പാക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന ജില്ലകളില്‍ നിന്ന് വോട്ടെടുപ്പു നടക്കുന്ന മറ്റു ജില്ലകളിലേക്കു പൊലീസ് എത്തിച്ചേരും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ വോട്ടു ചെയ്യാന്‍ അവസരമുണ്ട്. ഏഴാം തിയതി ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.