കുഴലും കോഴയും തിരഞ്ഞെടുപ്പ് തോല്‍വിയും; സുരേന്ദ്രന്‍ പുറത്തേക്ക്, ഒറ്റപ്പെടുത്തി നേതാക്കളും

Webdunia
ശനി, 5 ജൂണ്‍ 2021 (13:39 IST)
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ്, സി.കെ.ജാനുവിനും മഞ്ചേശ്വരത്തെ അപരനും കോഴ നല്‍കിയെന്ന ആരോപണം എന്നിവയെല്ലാം കെ.സുരേന്ദ്രന് പാരയാകുന്നു. സുരേന്ദ്രനുവേണ്ടി പാര്‍ട്ടി പ്രതിരോധം തീര്‍ക്കേണ്ട ആവശ്യമില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ അടക്കം ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. കുമ്മനം രാജശേഖരന്‍ അല്ലാതെ മറ്റൊരു നേതാക്കളും കെ.സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. 
 
കുഴല്‍പ്പണ കേസില്‍ അന്വേഷണം കെ.സുരേന്ദ്രനിലേക്ക് നീളുകയാണ്. കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്ത് വരികയാണ്. സുരേന്ദ്രന്റെ ഡ്രൈവറേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. 
 
സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്ന് സുരേന്ദ്രന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അതിനു പിന്നാലെയാണ് മഞ്ചേശ്വരത്തെ അപരന്റെ വെളിപ്പെടുത്തലും സുരേന്ദ്രനു വിനയായിരിക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനു രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ അപരനായിരുന്ന കെ.സുന്ദര പറഞ്ഞത്. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലറും വീടും വാഗ്ദാനം ചെയ്തിരുന്നതായും പറയുന്നു. 
 
ബിജെപിയുടെ അടിയന്തര കോര്‍ സംസ്ഥാന കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പ് തോല്‍വി എന്നിവ ചര്‍ച്ചയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article