ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തിൽ അനുശോചനം അറിയിക്കവെ തെറ്റായ പരാമർശം നടത്തിയ കായിക മന്ത്രി ഇ പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്.
വിവരദോഷിയായ കായിക മന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. വളപട്ടണത്ത് കണ്ടൽ പാർക്ക് പണിയാനല്ല സി പി ഐ എമ്മിന്റെ തീരുമാനമെന്നും പകരം ഇവിടെ റിസോർട്ട് പണിയാനാണ് നീക്കമെന്നും അധികാരത്തിന്റെ ഹുങ്കിൽ പാർക്ക് വീണ്ടും തുറന്നാൽ ചോരയും നീരും ഒഴുക്കി ഇതിനെ നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു.
തെറ്റായ പരാമർശത്തിന് വിശദീകരണവുമായി മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഈ കുപ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും ജയരാജന്‍ പറഞ്ഞു.