'സാറൊരു മാന്യനാണ്'; സുധാകരന്റെ സ്ത്രീപക്ഷവാദങ്ങള്‍

വെള്ളി, 25 ജൂണ്‍ 2021 (21:30 IST)
വനിത കമ്മിഷന്‍ അധ്യക്ഷയായിരിക്കെ എം.സി.ജോസഫൈന്‍ പരാതിക്കാരിയായ പെണ്‍കുട്ടിയോട് നടത്തിയ നിരുത്തരവാദിത്തപരമായ പരാമര്‍ശം കേരളത്തില്‍ വലിയ വിവാദമായി. ജോസഫൈന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആയതിനാല്‍ സിപിഎമ്മും ഇക്കാര്യത്തില്‍ പ്രതിരോധത്തിലായി. ഒടുവില്‍ ജോസഫൈന്‍ മാപ്പ് ചോദിക്കുകയും വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ജോസഫൈനെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയതില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഉണ്ട്. ഇരകളായ സ്ത്രീകളെ ജോസഫൈന്‍ അപമാനിക്കുന്നു എന്നാണ് സുധാകരന്റെ പ്രധാന വിമര്‍ശനം. ഇരകള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാനുള്ള സുധാകരന്റെ നിലപാട് സ്വാഗതാര്‍ഹം തന്നെ. കാരണം, പലപ്പോഴായി ഇരകള്‍ക്കെതിരെ അതും സ്ത്രീകള്‍ക്കെതിരെ സുധാകരന്‍ നടത്തിയ ഏറ്റവും ഹീനമായ പരാമര്‍ശങ്ങള്‍ക്കുള്ള പ്രാശ്ചിത്തമായി ഇതിനെ കാണാം. 
 
സൂര്യനെല്ലി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ കുറിച്ച് സുധാകരന്‍ നടത്തിയ ഏറ്റവും ഹീനമായ പരാമര്‍ശം മുതല്‍ ഏറ്റവും ഒടുവില്‍ പിണറായിക്കെതിരെ നടത്തിയ 'ആണുങ്ങളെ പോലെ' എന്ന പരാമര്‍ശം വരെ ഇഴകീറി പരിശോധിച്ചാല്‍ ഇത്രയും സ്ത്രീവിരുദ്ധനായ നേതാവിനെ കേരള രാഷ്ട്രീയം കണ്ടിട്ടില്ലെന്ന് പറയേണ്ടിവരും. 
 
സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരെ സുധാകരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് ആ പെണ്‍കുട്ടി നാട് നീളെ നടന്ന് വ്യഭിചാരം നടത്തിയെന്നാണ്. രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും പെണ്‍കുട്ടി അതിനു ശ്രമിച്ചില്ല എന്നും സുധാകരന്‍ അന്ന് പറഞ്ഞിരുന്നു. 
 
ശബരിമല വിഷയം കേരളത്തില്‍ കൊടുംപിരി കൊണ്ടുനില്‍ക്കുന്ന സമയത്തും കെ.സുധാകരന്‍ നടത്തിയത് അങ്ങേയറ്റം ഹീനമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതി. പെണ്ണുങ്ങളേക്കാള്‍ മോശമായാണ് ശബരിമലയില്‍ കാര്യങ്ങള്‍ ചെയ്തത് എന്നായിരുന്നു ആ സമയത്തെ വിവാദപ്രസ്താവന. മാത്രമല്ല, സ്ത്രീകളിലെ ആര്‍ത്തവം അശുദ്ധിയാണെന്നും പാപമാണെന്നും സുധാകരന്‍ പരസ്യമായി പ്രസംഗിച്ചു. 
 
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സുധാകരന്‍ പുറത്തിറക്കിയ പ്രചാരണ വീഡിയോ സ്ത്രീവിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സ്ത്രീകള്‍ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിനു പുരുഷന്മാര്‍ തന്നെ പോകണമെന്നുമായിരുന്നു ആ വീഡിയോയിലെ ഉള്ളടക്കം. കണ്ണൂരിലെ ഇടത് സ്ഥാനാര്‍ഥിയായ പി.കെ.ശ്രീമതി ടീച്ചര്‍ക്കെതിരെയായിരുന്നു സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ. 
 
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ആയിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരന്‍ നടത്തിയ ജാതീയ പരാമര്‍ശവും വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസിലെ വനിത നേതാവ് കൂടിയായ ഷാനിമോള്‍ ഉസ്മാന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഷാനിമോള്‍ക്കെതിരെ സുധാകരന്‍ അനുകൂലികള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ ഷാനിമോള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിക്കുന്ന ഒരു നിലപാടും സുധാകരനില്‍ നിന്നുണ്ടായില്ല. ഒടുവില്‍ തന്റെ പരാമര്‍ശം പിന്‍വലിച്ച് ഷാനിമോള്‍ പിന്‍വാങ്ങി. സുധാകരനെതിരായ പ്രതികരണത്തില്‍ ഷാനിമോള്‍ മാപ്പ് പറയേണ്ടി വന്നു. 
 
പുരുഷന്‍മാരുടെ അത്ര കഴിവില്ലാത്തവരാണ് സ്ത്രീകള്‍ എന്ന സുധാകരന്റെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. സ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുധാകരന്‍ അന്ന് പറഞ്ഞത്. 'വനിതാ ജീവനക്കാരെ വേഗം കൈയിലെടുക്കാനാകും. എളുപ്പത്തില്‍ ഭീഷണിപ്പെടുത്തി നിര്‍ത്താം. ഭീഷണിപ്പെടുത്തിയാല്‍ വേഗം വശംവദരാകും. പുരുഷന്‍മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകള്‍. സ്ത്രീ സ്ത്രീ തന്നെ. ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ അവര്‍ നിശബ്ദരാകും,' എന്നതായിരുന്നു സുധാകരന്റെ അന്നത്തെ പ്രസ്താവന. ഇതിനെതിരെ നിരവധി വനിതാ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിരുന്നു. 

ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത അത്രയും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ കെ.സുധാകരനെ പോലൊരു നേതാവ് ഇപ്പോള്‍ സ്ത്രീപക്ഷത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതും ഇരയാക്കപ്പെട്ട സ്ത്രീകളോട് ഉപാധികളില്ലാതെ ഐക്യപ്പെടുന്നതും നല്ലൊരു മാറ്റമാകട്ടെ എന്നു മാത്രമേ ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുള്ളൂ ! 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍