കുഞ്ഞാലിക്കുട്ടിക്കെതിരെ മുരളീധരന്‍ രംഗത്ത്; മാണിക്ക് പിന്നാലെ പഴി കേട്ട് ലീഗും

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (19:45 IST)
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ മുസ്‌‌ലിം ലീഗിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. നിലനില്‍‌പ്പിന് പ്രശ്‌നമായാല്‍ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പിന്‍‌വലിക്കണം. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ഉത്തരവാദിത്തം അംഗീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ നിലപാട് അംഗീകരിക്കാനാകില്ല. അദ്ദേഹം ബാര്‍ കോഴ കേസില്‍ നിരപരാധിയാണെന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. ബിജെപിയോടുളള സമദൂര നിലപാട് അംഗീകരിക്കാനാവില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കേരള രാഷ്ട്രീയം ലീഗ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സ്വന്തം നിലനില്‍പ് എല്ലാവരുടെയും പ്രശ്നമാണെന്നുമാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. യുഡിഎഫ് നന്നാകില്ലെന്നു കണ്ടാല്‍ ലീഗിനു ആശങ്കയുണ്ടാകും. ആ ആശങ്ക ഒഴിവാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മതേതര മുന്നണിയെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഘടകകക്ഷികളോട് ചര്‍ച്ച നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് മറുപടിയുമായിട്ടാണ് മുരളീധരന്‍ രംഗത്ത് വന്നത്.
Next Article