തരൂരിനെതിരെ കര്‍ശനനടപടി വേണം; മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയിൽ പോകാമെന്ന് മുരളീധരൻ

തിങ്കള്‍, 26 ഓഗസ്റ്റ് 2019 (12:34 IST)
നരേന്ദ്ര മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്ന് കെ മുരളീധരൻ എംപി. ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകൾ മൂടിവെക്കാനോ കോൺഗ്രസുകാർക്ക് കഴിയില്ല. കോൺഗ്രസിന്‍റെ ചെലവില്‍ മോദിയെ സ്‌തുതിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ എം പിയുടെ മോദി അനുകൂല പ്രസ്‌താവനയാണ് മുരളീധരനെ ചൊടിപ്പിച്ചത്.

കോൺഗ്രസ് ആരുടേയും കുടുംബ സ്വത്തല്ല. പാർട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവർക്ക് പുറത്ത് പോകാം. താൻ കുറച്ച് കാലം പാർട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസിൽ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍റെ പരിഹാസം.

കേരളത്തിൽ നിന്നുമുള്ള ഇരുപത് എംപിമാരും മോദി വിരുദ്ധ പ്രസ്‌താവന നടത്താൻ ബാധ്യസ്ഥരാണ്. യുഡിഎഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. തരൂരിന് മാത്രം ഇതിൽ നിന്നും മാറി നിൽക്കാൻ ആകില്ല. ഇനി കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് കേൾക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തരൂരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ല. വട്ടിയൂര്‍ക്കാവില്‍ അദ്ദേഹം എത്തിയില്ലെങ്കിലും കോണ്‍ഗ്രസ് വിജയിക്കും. മോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന ആളായിരുന്നു തരൂര്‍. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ല. നിലവിലെ വിവാദം വരുന്ന ഉപതെരഞ്ഞെടുപ്പിനെയൊന്നും ബാധിക്കില്ല.  തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍