ബാബുവിന്റെ രാജി സ്വീകരിക്കാതിരുന്നത് മുഖ്യമന്ത്രിയുടെ സ്വയരക്ഷയ്ക്കുള്ള തന്ത്രം; സുധീരന്‍ കോൺഗ്രസിലെ അഴിമതിയുടെ ഭാഗമായി തീര്‍ന്നു, മദ്യനയം തീരുമാനിക്കുന്നത് അതാത് സർക്കാരുകൾ: പിണറായി

Webdunia
ഞായര്‍, 31 ജനുവരി 2016 (12:25 IST)
കെ ബാബുവിന്റെ രാജി സ്വീകരിക്കാതിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വയരക്ഷയ്‌ക്കുള്ള തന്ത്രമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ബാബുവിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വന്നാലെ മുഖ്യമന്ത്രിക്ക് തുടരാൻ സാധിക്കുമായിരുന്നുള്ളൂ അതിനുള്ള തന്ത്രങ്ങളാണ് അദ്ദേഹം മെനഞ്ഞത്. ഉമ്മൻചാണ്ടിക്ക് അധികാരത്തിൽ തുടരാൻ അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ഉമ്മൻചാണ്ടി രാജി വച്ചില്ലെങ്കിൽ നിയമസഭ തുടങ്ങുബോള്‍ സഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോവും. സമരത്തെ അടിച്ചൊതുക്കാൻ നോക്കിയാൽ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുകയേയുള്ളൂ. ഉമ്മൻചാണ്ടിയുടെ അഴിമതിക്ക് അനുകൂല നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റേതും. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും കോൺഗ്രസിലെ അഴിമതിയുടെ ഭാഗമായി തീരുന്നുവെന്നും പിണറായി പറഞ്ഞു.

തെഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന അതാത് സർക്കാരുകളാണ് മദ്യനയം തീരുമാനിക്കുന്നത്. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് സിപിഎമ്മിന്റെ നയം. മദ്യനിരോധനം സിപിഎമ്മിന്റെ നയമല്ല. മദ്യവർജനമെന്ന നിലപാടായിരിക്കും എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ഉണ്ടാവുകയെന്നും പിണറായി വ്യക്തമാക്കി. നവകേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.