ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. നീതിന്യായ കോടതികളെയെങ്കിലും വെറുതെ വിടൂ എന്നാണ് ശനിയാഴ്ച ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന നിലപാടില്‍ വ്യക്തമാക്കുന്നത്.
രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“ഇന്ത്യന്‍ ജനാധിപത്യ ഭരണവ്യവസ്ഥയുടെ; നാലു നെടും തൂണുകളെയും (നിയമനിര്‍മ്മാണ സഭകള്‍, കാര്യനിര്‍വ്വഹണ വിഭാഗം, നീതിന്യായ കോടതികള്‍ എന്നീ ഭരണഘടന സ്ഥാപനങ്ങളും ഇവയുടെ ‘കാവല്‍ നായ്ക്കള്‍’ (watch dogs) എന്നറിയപ്പെടുന്ന മാധ്യമങ്ങളും) ഇന്ത്യയിലെ സമീപകാല ജനസമൂഹത്തിലെ എല്ലാ മൂല്യച്യുതികളും ഏറെക്കുറെ ബാധിച്ചിട്ടുണ്ടെങ്കിലും; ഇതില്‍ നിന്നും വലിയ ഒരളവോളം വ്യത്യസ്തമായി; തലയുയര്‍ത്തി നില്‍ക്കുന്ന ഭരണഘടന സ്ഥാപനങ്ങളാണ്; നീതിന്യായ കോടതികള്‍. കോടതികളും തങ്ങളെ പോലെയുള്ള സ്വഭാവ വിശേഷമുള്ളവരാകണമെന്നും, കോടതികളെ തങ്ങളുടെ വരുതിക്ക് നിര്‍ത്തണമെന്നും; എന്തെങ്കിലും നിഗൂഢലക്‌ഷ്യം വെച്ച് ആരെങ്കിലും ആഗ്രഹിച്ചാല്‍; സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായ, നീതിന്യായ കോടതികളുടെ, നീതിബോധത്തേയും, നിഷ്‌പക്ഷതയേയും, വിശ്വാസ്യതയേയും; അത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും.”