ജെഎസ്‌എസിലെ ഔദ്യോഗിക പദവികള്‍ കെകെ ഷാജു രാജിവെച്ചു; തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിക്കും

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (11:39 IST)
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെ എസ് എസ് സംസ്ഥാന അധ്യക്ഷന്‍ കെ കെ ഷാജു രാജിവെച്ചു. യു ഡി എഫിനെ പിന്തുണയ്ക്കുന്ന ജെ എസ് എസ് - രാജന്‍ ബാബു  വിഭാഗത്തിന്റെ നേതാവ് കൂടിയാണ് കെ കെ ഷാജു. 
 
വരുന്ന തെരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായാണ് കെ കെ ഷാജുവിന്റെ രാജി. ജെ എസ് എസിന് ഇനി പ്രസക്തിയില്ലെന്നും ഭാവിയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ആലപ്പുഴ ഡി സി സിയുടെ പിന്തുണ കെ കെ ഷാജുവിനുണ്ട്. മാവേലിക്കരയിലോ അടൂരിലോ സീറ്റ് ലഭിച്ചാല്‍ 
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ഷാജുവിന്റെ നീക്കം. ഇടതുമുന്നണിയുടെ ഭാഗമാകാന്‍ ജെ എസ് എസ് തീരുമാനിച്ചതോടെ ഷാജുവും രാജന്‍ ബാബുവും ഗൌരിയമ്മയുമായി പിരിയുകയായിരുന്നു. തുടർന്ന് രാജൻ ബാബു ജനറൽ സെക്രട്ടറിയും ഷാജു പ്രസിഡന്‍റുമായി ജെ എസ് എസ് വിമത വിഭാഗം രൂപീകരിക്കുകയായിരുന്നു.
 
പിന്നീട്, എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കോടതിയില്‍ അനുഗമിച്ചതിന്റെ പേരില്‍ രാജന്‍ ബാബുവിനെതിരെ യു ഡി എഫ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യു ഡി എഫിനെ പിന്തുണച്ച് ഷാജു രംഗത്തെത്തിയിരുന്നു.